---
title: "ആറളത്തെ ആനമതിൽ നിർമാണ പുരോഗതി ജില്ലാ കലക്ടർ വിലയിരുത്തി; ഡിസംബർ 31നകം പൂർത്തിയാക്കാൻ നിർദ്ദേശം"
english_title: "Aralam Elephant Wall Construction Progress Reviewed Collector Orders Completion By December 31"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383018/aralam-elephant-wall-construction-collector-review-completion-december-31-16092026`"
published_at: "2026-09-17T05:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab2ac32dcbd_1000295421.jpg"
keywords: ["Aralam", "Collector"]
---

# ആറളത്തെ ആനമതിൽ നിർമാണ പുരോഗതി ജില്ലാ കലക്ടർ വിലയിരുത്തി; ഡിസംബർ 31നകം പൂർത്തിയാക്കാൻ നിർദ്ദേശം

> **Lead Summary:** **ആറളം**: ആറളത്ത് നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗതി ജില്ലാ കലക്ടർ പി വിഷ്ണുരാജ് വിലയിരുത്തി. ആറളം ഫാം സന്ദർശനത്തിന്റെ ഭാഗമായാണ് മതിൽ നിർമാണം നടക്കുന്ന ബ്ലോക്ക് 10ലെ പുളിമരം തട്ടിൽ ജില്ലാ കലക്ടറും സംഘവും എത്തിയത്.

## Article Content

**ആറളം**: ആറളത്ത് നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗതി ജില്ലാ കലക്ടർ പി വിഷ്ണുരാജ് വിലയിരുത്തി. ആറളം ഫാം സന്ദർശനത്തിന്റെ ഭാഗമായാണ് മതിൽ നിർമാണം നടക്കുന്ന ബ്ലോക്ക് 10ലെ പുളിമരം തട്ടിൽ ജില്ലാ കലക്ടറും സംഘവും എത്തിയത്.

ആനമതിൽ നിർമിക്കുന്ന ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇതിനകം ആറ് കിലോമീറ്ററോളം നിർമാണം പൂർത്തിയാക്കിയതായും ബാക്കിയുള്ള 3 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

ഈ വർഷം ഡിസംബർ 31ന് മുമ്പ് തന്നെ നിർമാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതിനായി പ്രവൃത്തിയുടെ വേഗത വർധിപ്പിക്കണം. ആനമതിലിനോട് ചേർന്ന് വരുന്ന ജണ്ടകൾ മാറ്റുന്നതിനുള്ള നടപടികളും പ്രദേശത്തെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം.

ഇവിടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആർ ആർ ടിയുടെ നിരീക്ഷണം ശക്തമാക്കാനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ആറളം മേഖലയിലെ സോളാർ ഫെൻസിംഗിലേക്കുള്ള വൈദ്യുതി വിതരണത്തിലെ തകരാറുകൾ പരിഹരിക്കുന്നതിന് അനെർട്ട് അധികൃതരെ ചുമതലപ്പെടുത്തി. ആറളം ഫാമിംഗ് കോർപറേഷൻ ഓഫീസിൽ നടന്ന ആറളം ഫാം, പുനരധിവാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമായിരുന്നു ജില്ലാ കലക്ടറുടെ സന്ദർശനം.

മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുന്നതിന് ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കലക്ടർ നിർദ്ദേശിച്ചു. ടി ആർ ഡി എമ്മിന്റെ ഉടമസ്ഥതയിലുള്ള 7.5 സെന്റ് ഭൂമിയിൽ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും ബ്ലോക്ക് 9ലെ പൂക്കുണ്ടിൽ പൊതുകിണർ സ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകി.

പ്രദേശത്തെ ജനങ്ങൾക്ക് ഉപജീവന മാർഗം ഉറപ്പുവരുത്തുന്നതിനായി കൃഷി വകുപ്പ് സമർപ്പിച്ച പദ്ധതി വേഗത്തിലാക്കണം. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ കെ എസ് ആർ ടി സി, ഐ ടി ഡി പി എന്നിവരുമായി ചേർന്ന് സമഗ്ര പദ്ധതി തയ്യാറാക്കാനും, പുനരധിവാസ മേഖലയിലെ എല്ലാവർക്കും ആധാർ കാർഡ് ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ എസ് സ്വാതി, ഡി എഫ് ഒ കെ സജി, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ എസ് എസ് സുധീർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383018/aralam-elephant-wall-construction-collector-review-completion-december-31-16092026`)